Kerala
മുണ്ടക്കയം: ക്രൈസ്തവസമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹരിക്കുന്നതിനായി നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ തയാറാക്കി നൽകിയ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ.
മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ നടന്ന സീറോമലബാര്‍ സഭാ സമുദായശക്തീകരണ വർഷത്തിന്റെ കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മാർ ജോസ് പുളിക്കൽ. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരവധി കാര്യങ്ങൾ സംസ്ഥാന സർക്കാർ നടപ്പിലാക്കിയെന്നു പറയുമ്പോഴും അത് എന്തൊക്കെയാണെന്ന് ഇതുവരെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകുമെന്ന വിശ്വാസമാണുള്ളതെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
എകെസിസിക്ക് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും ചായ്വില്ലെന്നും സമുദായത്തി നിലനിൽപ്പാണ് അതിന്റെ രാഷ്ട്രീയമെന്നും മുഖ്യപ്രഭാഷണം നടത്തിയ ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.
സമുദായത്തിന്റെ വേദന സ്വന്തം വേദനയാണെന്ന ബോധ്യം അംഗങ്ങൾക്കുണ്ടാകണമെന്നും അതാണ് സമുദായശക്തീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ മുണ്ടക്കയം വ്യാകുലമാതാ ഫൊറോനാ വികാരി റവ. ഡോ. ജെയിംസ് മുത്തനാട്ട് സ്വാഗതവും എകെസിസി രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് ആമുഖ സന്ദേശവും നൽകി. വികാരി ജനറാൾ റവ. ഡോ. സെബാസറ്റ്യൻ കൊല്ലംകുന്നേൽ അനുഗ്രഹപ്രഭാഷണവും നടത്തി.
കാഞ്ഞിരപ്പള്ളി രൂപത പ്രോട്ടോ സിഞ്ചല്ലൂസ് റവ. ഡോ. ജോസഫ് വെള്ളമറ്റം, എകെസിസി രൂപത പ്രസിഡന്റ് കെ.കെ. ബേബി കണ്ടത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ബിനോ പി. ജോസ്, ജോയിന്റ് സെക്രട്ടറി അഡ്വ. ഷാൻസി ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി. പിന്നീട് നസ്രാണി പാരമ്പര്യത്തിലുള്ള വിവിധ കലാപരിപാടികളുടെ അവതരണവും നടത്തി.
District News
കുറുമ്പനാടം: കേരളത്തിലെ നസ്രാണി സമുദായത്തിന്റെ മുഴുവന്‍ നാവാണ് ചങ്ങനാശേരി അതിരൂപതയെന്നും സമൂഹത്തിനു പലനന്മകളും ചെയ്യാന്‍ കഴിവുള്ള സമൂഹമാണിതെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കായുള്ള പഠന കമ്മീഷന് ചെയര്‍മാനായിരുന്ന റിട്ട. ജസ്റ്റീസ് ജെ.ബി. കോശി. ചങ്ങനാശേരി അതിരൂപതയിലെ വിശ്വാസികള്‍ ഒന്നിച്ചുനിന്നാല്‍ വലിയശക്തിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറുമ്പനാടത്തു നടന്ന അതിരൂപത സമുദായ ശക്തീകരണ വര്‍ഷം ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പള്ളിയിലെത്തി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്ന വിശ്വാസികളാണ് സമുദായത്തിന്റെ വലിയ ശക്തി. കുട്ടികള്‍ ട്യൂഷനെക്കാള് പ്രാധാന്യം വിശുദ്ധ കുര്‍ബാനയ്ക്കു നല്‍കണം. സഭ ചെയ്യുന്ന വലിയ നന്മകളെ കാണാതെ ചെറിയ തെറ്റുകളെ പെരുപ്പിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന രീതി നന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടനാട്ടിലെ വെള്ളപ്പൊക്ക പരിഹാരത്തിനു കനാലുകള്‍ വൃത്തിയാക്കണമെന്ന ശിപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതിനു പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സന്നദ്ധമാകണമെന്നും ജസ്റ്റീസ് കോശി ആവശ്യപ്പെട്ടു.
മാര്‍ തോമസ് തറയിലിന് നിത്യസഹായ മാതാവിന്റെ ചിത്രം സമ്മാനിച്ച് ജസ്റ്റീസ് കോശി
ചങ്ങനാശേരി: ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിനു നിത്യസഹായ മാതാവിന്റെ ചിത്രം നല്കി ജസ്റ്റീസ് ബെഞ്ചമിന്‍ കോശി. കുറുമ്പനാടത്തു നടന്ന അതിരൂപതാ സമുദായ ശക്തീകരണവര്ഷ ഉദ്ഘാടന ചടങ്ങിലെത്തിയപ്പോഴാണ് മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് കൂടിയായ ജസ്റ്റീസ് കോശി മാര്‍ തറയിലിനു ചിത്രം നല്‍കിയത്. ചിത്രം സമ്മാനമായി ലഭിച്ച വിവരം ആര്‍ച്ച്ബിഷപ് സമ്മേളത്തില്‍ പറഞ്ഞു.
കുറുമ്പനാടത്ത് സമുദായ ശക്തീകരണ സമ്മേളനം നടക്കുന്നതു കണ്ട് സ്വര്‍ഗത്തിലിരുന്ന് പവ്വത്തില്‍ പിതാവ് സന്തോഷിക്കുന്നുണ്ടെന്ന് ജസ്റ്റീസ് ജെ.ബി. കോശി പ്രസംഗമധ്യേ പറഞ്ഞു. മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായിരിക്കെ, പലതവണ ചങ്ങനാശേരി അരമനയിലെത്തി പവ്വത്തില്‍ പിതാവിനെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ജെ.ബി. കോശി കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ്‍ ജോർജ്.
പാലൊളി കമ്മിറ്റി റിപ്പോർട്ട് 28 ദിവസംകൊണ്ടു നടപ്പാക്കിയവരാണ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് 33 മാസമായി പൂഴ്ത്തിവച്ചിരിക്കുന്നത്. പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഇക്കാര്യത്തിൽ യാതൊരു ആത്മാർഥതയുമില്ലെന്നും ഷോണ്‍ ജോർജ് പറഞ്ഞു.
വിവരാവകാശം കൊടുത്തിട്ടുപോലും വ്യക്തമായ മറുപടി ലഭിക്കുന്നില്ല. വിവിധ വകുപ്പുകളുടെ പഠനത്തിനു വിട്ടിരിക്കുന്നുവെന്ന ഒഴുക്കൻ മറുപടിയാണുള്ളത്.
റിപ്പോർട്ടിലെ 222 നിർദേശങ്ങൾ നടപ്പാക്കിയെന്നാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം. ഇതു കാപട്യമാണ്. മുഖ്യമന്ത്രി പറയുന്ന നിർദേശങ്ങൾ നടപ്പാക്കിയതിലൂടെ ക്രൈസ്തവ ജനവിഭാഗത്തിന് എന്തു നേട്ടമാണുണ്ടായതെന്നുകൂടി വെളിപ്പെടുത്താൻ തയാറാകണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.
Kerala
തൃശൂർ: മറ്റു സമുദായങ്ങൾക്കുവേണ്ടിയുള്ള സമാനമായ കമ്മീഷൻ റിപ്പോർട്ടുകൾ സർക്കാർ നടപ്പാക്കിയത് വളരെ വേഗത്തിലായിരുന്നുവെന്ന് ജസ്റ്റീസ് ജെ.ബി. കോശി.
കേരളത്തിലെ ക്രൈസ്തവർ സമസ്ത മേഖലകളിലും നേരിടുന്ന പിന്നാക്കാവസ്ഥയെക്കറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച കമ്മീഷന്റെ ചെയർമാനായ ജസ്റ്റീസ് ജെ.ബി. കോശിയുമായി തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, അഡ്വ. സോജൻ ജോബ് എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് 30 മാസങ്ങൾ പിന്നിട്ടിട്ടും ശിപാർശകൾ നടപ്പാക്കുകയോ പൊതുജന സമക്ഷം റിപ്പോർട്ട് ലഭ്യമാക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഇവർ ജസ്റ്റീസ് ജെ.ബി. കോശിയുമായി കൂടിക്കാഴ്ച നടത്തിയത്.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ വിവിധ കാരണങ്ങളാൽ അവഗണന നേരിടുന്നു എന്നത് യാഥാർഥ്യമാണ്. വിദ്യാഭ്യാസം, ആതുര ശുശ്രൂഷ തുടങ്ങിയ സേവന മേഖലകളിലും തീരദേശത്തും മലയോരങ്ങളിലും താമസിക്കുന്ന ജനസമൂഹങ്ങൾക്കിടയിലും പരിവർത്തിത ക്രൈസ്തവർക്കിടയിലും കുട്ടനാട്ടിലെ കാർഷിക രംഗത്തും പരിഗണനാർഹമായ വിഷയങ്ങൾ ഒട്ടേറെയുണ്ട്. പരിതാപകരമാണ് ഇവിടെയുള്ള ജീവിത സാഹചര്യങ്ങൾ. ഇവിടെയൊക്കെ ക്രിയാത്മകമായ ഇടപെടൽ ആവശ്യമുണ്ടെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു.
കമ്മീഷൻ അംഗങ്ങൾ കേരളമൊട്ടാകെ സഞ്ചരിച്ച് വിവിധ ഇടങ്ങളിലായി പൊതുസമൂഹമായും വിവിധ സഭാ സമൂഹങ്ങളുമായും ജനപ്രതിനിധികളുമായും ആശയവിനിമയം നടത്തുകയും വിവിധ വിഷയങ്ങളിലെ വിദഗ്ധരെ കേൾക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് ലഭ്യമായ 4,87,000 അപേക്ഷകളും പരാതികളും പരിഗണിച്ചുകൊണ്ടാണ് കമ്മീഷൻ 284 ശിപാർശകൾ സർക്കാരിന് സമർപ്പിച്ചത്. ഈ ശിപാർശകൾ കേവലം ഒരു സമൂഹത്തിനു മാത്രം ഉപകരിക്കുന്നതല്ല. കേരളത്തിലെ പൊതുസമൂഹത്തിനാകെ ഗുണകരമായ ഒട്ടേറെ നിർദേശങ്ങൾ അതിലുണ്ട്.
റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ച് 30 മാസങ്ങൾ പിന്നിട്ടിട്ടും അതു നടപ്പാക്കാത്ത സാഹചര്യത്തിൽ, വൈകി ലഭിക്കുന്ന നീതി നീതിനിഷേധംതന്നെയല്ലേ എന്ന ചോദ്യത്തിന്, കമ്മീഷനെ ഏൽപിച്ച ഉത്തരവാദിത്വം കമ്മീഷൻ നന്നായി ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ട് നടപ്പാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി.
കമ്മീഷൻ റിപ്പോർട്ടിനെ സംബന്ധിച്ച് കേരള നിയമസഭയിൽ ഉയർന്ന ചോദ്യത്തിന് കമ്മീഷന്റെ 155 ശിപാർശകൾ നടപ്പാക്കിയതായി ന്യൂനപക്ഷ ക്ഷേമമന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞതിനെ സംബന്ധിച്ച് ചോദിച്ചപ്പോൾ, ഏതെല്ലാം നിർദേശങ്ങളാണ് നടപ്പാക്കിയതെന്ന് സർക്കാർ തന്നെയാണ് വ്യക്തമാക്കേണ്ടതെന്നും ജസ്റ്റീസ് ജെ.ബി. കോശി പ്രതികരിച്ചു.
മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗ ആക്രമണങ്ങളിൽനിന്ന് പരിഹാരം ഉണ്ടാകുന്നതിനുള്ള നിർദേശങ്ങളും കാർഷിക വിളകൾക്ക് സംരക്ഷണം ലഭ്യമാക്കേണ്ടതിനെക്കുകുറിച്ചും കമ്മീഷൻ റിപ്പോർട്ടിലുണ്ട്. അത്തരം കാര്യങ്ങൾ കേവലം ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ലഭ്യമാകുന്ന ഗുണമല്ല; പൊതുസമൂഹത്തിനാകെ ഗുണകരമായ നിർദേശങ്ങളാണ്.
കുട്ടനാടൻ മേഖലയിൽ വെള്ളപ്പൊക്കം സർവസാധാരണമാണ്. അതിനെ സംബന്ധിച്ചും ഈ മേഖലകളിൽ കുടിവെള്ളം ലഭ്യമാക്കാനും കമ്മീഷൻ പഠിച്ച് നിർദേശങ്ങൾ വച്ചിട്ടുണ്ട്. കാർഷികമേഖല സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഏറെ പരിതാപകരമായ ജീവിതസാഹചര്യങ്ങളിൽ ജീവിക്കുന്നവർ ഏറെയുണ്ട്. വന-തീരദേശ-നെൽവയൽ സംരക്ഷണ നിയമങ്ങളാൽ ബുദ്ധിമുട്ടുന്ന പാവപ്പെട്ടവരുണ്ട്.
സംസ്ഥാനത്തെ മദ്രസ അധ്യാപകർക്കുള്ള ആനുകൂല്യങ്ങൾക്ക് സമാനമായുള്ള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടുള്ള നിരവധി അപേക്ഷകളും കമ്മീഷന്റെ പരിഗണനയിൽ എത്തിയിരുന്നുവെന്നും ഇക്കാര്യത്തിൽ അനുകൂലമായ ശിപാർശകൾ കമ്മീഷൻ റിപ്പോർട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.